തുടര്‍തച്ചയായ 20ാം വ‍ര്‍ഷവും 100% നികുതി പിരിവ് നേട്ടം കൈവരിച്ച് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്

May 26, 2026

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന് വീണ്ടുമൊരു പൊൻതൂവൽ

2025-26 സാമ്പത്തിക വർഷത്തിൽ 100 ശതമാനം നികുതി പിരിവ് കൈവരിച്ച് മികച്ച നേട്ടം സ്വന്തമാക്കിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളെയും ജീവനക്കാരെയും ജില്ലാ കളക്ടർ  അർജുൻ പാണ്ഡ്യൻ അനുമോദിച്ചു.

നികുതി പിരിവ് പ്രവർത്തനങ്ങളിൽ കൃത്യതയും കാര്യക്ഷമതയും പുലർത്തിക്കൊണ്ട് പഞ്ചായത്ത് കൈവരിച്ച ഈ നേട്ടം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയുടെ ഏകോപിത പ്രവർത്തനങ്ങളും ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമവും പൊതുജനങ്ങളുടെ മികച്ച സഹകരണവും ചേർന്നാണ് 100 ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നികുതി വരുമാനം നിർണായകമാണെന്നും, സമയബന്ധിതമായി നികുതി അടച്ച് പഞ്ചായത്തിനെ പിന്തുണച്ച മുഴുവൻ ജനങ്ങൾക്കും അഭിനന്ദനമർഹിക്കുന്നതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.

നികുതി പിരിവ് പ്രവർത്തനങ്ങളിൽ പങ്കാളികളായ ജനപ്രതിനിധികൾ, സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ, വാർഡ് തല പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് ഈ അഭിമാനകരമായ നേട്ടമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും ഈ നേട്ടം കൂടുതൽ പ്രചോദനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Mogral Puthur GP